Marian News

കരുനാഗപള്ളി, കൊല്ലം: മരിയൻ കോളേജ് കുട്ടിക്കാനം സോഷ്യൽ വർക്ക് രണ്ടാം വർഷ വിദ്യാർത്ഥികൾ ചേതന ഇന്റഗ്രേറ്റഡ് ഡപലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ അമലാ ക്യാൻസർ സെൻറ്ററിൻറ്റെ സഹകരണത്തോടെ കേശ ദാന കാംപെയ്ൻ നടത്തി. ജില്ലയിലെ 32 ഓളം സ്കൂളുകൾ കേന്ദ്രീകരിച്ച് 25, 27, 28 തിയതികളിൽ നടത്തിയ പരിപാടിയിൽ 120 സുമനസ്സുകൾ കേശം ദാനം ചെയ്തു. കാൻസർ രോഗ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപെട്ടവർക്കായി തങ്ങളുടെ സ്നേഹ സമ്മാനം നൽകി വിദ്യാർത്ഥിനികൾ മനുഷ്യ സ്നേഹത്തിൻറ്റെ വേറിട്ട മാതൃകയായി.

കീമോ തെറാപ്പിയുടെ ഭാഗമായി മുടി നഷ്ടപെടുമ്പോൾ രോഗികൾ മനോവിഷമത്തിലാഴുന്നതിനും സ്വയം ഒതുങ്ങിക്കൂടുന്നതിനും കാരണമാകുന്നു .സാധാരണ ഗതിയിൽ വിഗ് വെക്കുന്നതിനാവശ്യമായ ഭീമമായ ചെലവ് ചികിത്സാ ചെലവിനോടൊപ്പം സാധാരണക്കാർക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.ഈ സാഹചര്യത്തിലാണ് രോഗ ചികിത്സ പോലെ തന്നെ കേശദാനമർഹിക്കുന്ന പ്രാധാന്യം സംഘാടകർ തിരിച്ചറിഞ്ഞതും അതോടൊപ്പം തന്നെ ഇത്തരത്തിലൊരു പരിപാടിയുടെ സാധ്യതയെ വിനിയോഗിച്ചതും. സ്വാഭാവിക മുടി ഉപയോഗിച്ച് വിഗ്ഗ് തയ്യാറാക്കി രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനോടൊപ്പം തന്നെ രോഗികളുടെ ചികിത്സാ ചെലവിനുള്ള ധനസമാഹരണത്തിൻറ്റെ ഭാഗമായി നടത്തിയ പത്ര ശേഖരണത്തിലൂടെ സമാഹരിച്ച 23, 000 രൂപ കായംകുളം ചേതന ഇന്റഗ്രേറ്റഡ് ഡവലപ്മെൻറ്റ് സൊസൈറ്റിയുടെ കാൻസർ പ്രോഗ്രാമിലേക്ക് നൽകി. സോഷ്യൽ വർക്ക് രണ്ടാo വർഷ വിദ്യാർത്ഥികളായ അമൽ സാബു, ഐസക് സൈമൺ പാറ്റൂർ, സിസ്റ്റർ.ലിഡിയ സെബാസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.